Saturday 20 August 2011

ആത്മധൈര്യം കൈവിടരുത്‌




രോഗം ഉണ്ടെന്ന്‌ അറിഞ്ഞാല്‍ ഭയപ്പെടരുത്‌. ആദ്യം മനസ്സിനെ ഉറപ്പിക്കുക. തനിക്ക്‌ രോഗം മാറി മംഗളവും ശ്രേയസ്സും വരുമെന്ന്‌ വിശ്വസിച്ച്‌ ഉറപ്പിക്കണം. നമ്മുടെ മനസ്സ്‌ ചപലപ്പെടുമ്പോള്‍ രോഗം വര്‍ദ്ധിക്കുന്നു. രോഗം വരുമ്പോള്‍ നമ്മുടെ മനസ്സ്‌ തളര്‍ന്ന്‌ കര്‍മം തളര്‍ന്ന്‌ ജീവിതം തളര്‍ന്ന്‌ എല്ലാം പരാജയമടയുന്നു. അതുകൊണ്ട്‌ മനസ്സിന്റെ ധൈര്യം വിട്ടുകളയരുത്‌. ഈ പ്രപഞ്ചത്തില്‍ ഞാന്‍ ജനിച്ചിട്ടുണ്ടെങ്കില്‍ ആ പ്രപഞ്ചത്തെ രക്ഷിക്കുന്ന ശക്തി എന്നെയും രക്ഷിക്കും എന്ന്‌ ഉറപ്പിക്കിന്‍. ഈ പ്രപഞ്ചത്തിലെ സര്‍വത്തെയും മാതൃത്വം നല്‍കി സംരക്ഷിക്കുന്ന ആ ജഗത്തിന്റെ അമ്മയ്ക്ക്‌ നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്‌. ഈ പ്രപഞ്ചത്തെ മുഴുവനും കാരുണ്യപൂര്‍വ്വം പരിപാലിക്കുന്ന അമ്മേ അവിടുന്ന്‌ ഒരു പ്രകാശകിരണമായി വന്ന്‌ എന്നെ ഈ ദുരന്തങ്ങളില്‍നിന്ന്‌ മോചിപ്പിക്കണമേ എന്ന്‌ വ്യാകുലപ്പെട്ട്‌ ഒന്ന്‌ പ്രാര്‍ത്ഥിച്ചുനോക്കൂ. പക്ഷേ വ്യാകുലത വേണം. വ്യാകുലതയോടെ പ്രാര്‍ത്ഥിക്കണം. ആ കാലശക്തിയുടെ രക്ഷാഭാവത്തെ ശരിക്ക്‌ ഉള്‍ക്കൊണ്ട്‌ നിങ്ങള്‍ ദിവസവും ഈ പ്രാര്‍ത്ഥന നടത്തിന്‍.

യജ്ഞ സാന്നിദ്ധ്യത്തില്‍ നിങ്ങള്‍ കല്‍പിച്ച്‌ ഇച്ഛിച്ചിട്ടുണ്ടെങ്കില്‍ അത്‌ സഫലമായിത്തീരും. അതിന്‌ നിങ്ങളുടെ പുണ്യം അല്ലെങ്കില്‍ പൂര്‍വാര്‍ജിതപുണ്യം നിങ്ങളെ ഇവിടെ എത്തിച്ചിരിക്കുന്നു. യാഗം സാധാരണ ഒരു യാഗമല്ല. അതിന്‌ അര്‍ഹതപ്പെട്ടവര്‍ ഇവിടെ വന്ന്‌ ചേരണമെന്നും ഒന്നിച്ച്‌ പ്രാര്‍ത്ഥിക്കണമെന്നതും കാലത്തിന്റെ നിയോഗമാണ്‌. അതുകൊണ്ട്‌ തീര്‍ച്ചായായും നിങ്ങളുടെ സങ്കല്‍പങ്ങള്‍ സഫലീകരിക്കപ്പെടും. ഒരു മക്കളും ഇനി സംശയിക്കുകയോ ഭയപ്പെടുകയോ പാടില്ല.

No comments:

Post a Comment