Saturday 20 August 2011

പുണ്യമെന്ന സമ്പത്തുനേടൂ


പ്രേമത്തെ മറന്ന്‌ എല്ലാ ലൗകികകാര്യങ്ങളുടെയും പിന്നാലെ നിങ്ങള്‍ നടക്കുന്നു. എവിടെപ്പോയാലും പണം പണം പണമെന്ന വിചാരം മാത്രം. അതു വരും പോകും.എന്നാല്‍ ധാര്‍മികത വരികയും വളരുകയും ചെയ്യും. എല്ലാവരും സമ്പത്ത്‌ കൂമ്പാരം കൂട്ടുന്നതില്‍ തല്‍പരര്‍.

ഈ ലോകത്ത്‌ നിന്ന്‌ യാത്രായാകുമ്പോള്‍ കൂടെ വരുന്നത്‌ നിങ്ങള്‍ ചെയ്ത കാര്യങ്ങളുടെ ഫലം മാത്രമായിരിക്കും. ധനം നിങ്ങളെ തുണയ്ക്കാന്‍ പോകുന്നില്ല. മറിച്ച്‌ പുണ്യമെന്ന സമ്പത്ത്‌ മാത്രമാണ്‌ തുണയ്ക്കാന്‍ പോകുന്നത്‌.

പരോപകാരം പുണ്യം പരപീഡനമോപാപവും .എങ്ങനെയും വലിയ ധനികനാവുക എന്ന പാപം തടുത്തുകൂട്ടാതിരിക്കുക.
ഈ ലോകം വെടിയുമ്പോള്‍ സംശുദ്ധമായ പ്രേമമൊന്നുമാത്രം നിങ്ങള്‍ കരുതണം. പവിത്രമായ പ്രേമമെന്ന സമ്പത്ത്‌ നേടുമ്പോള്‍ നിങ്ങളാകും പ്രപഞ്ചത്തിലെ ഏറ്റവും വലിയ ധനികന്‍. സംതൃപ്തന്‍ തന്നെയാണിവിടെ സമ്പന്ന.

ആഗ്രഹങ്ങള്‍ക്കുമേല്‍ ആഗ്രഹങ്ങള്‍ വച്ചുപുലര്‍ത്തുന്നവന്‍ വളരെ ദ്രരിദ്രനും ആയിരിക്കും. ഇന്ന്‌ മനുഷ്യന്‍ ആഗ്രഹങ്ങള്‍ നിറഞ്ഞവനായിരിക്കുന്നു. അവയുള്ളിടത്തോളംകാലം നിങ്ങള്‍ക്ക്‌ സന്തോഷവും സമാധാനവുമുണ്ടാകില്ല.

ആഗ്രഹങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ എത്രമാത്രം സ്നേഹവും ആനന്ദവുമാണ്‌ നമ്മള്‍ സ്വന്തമാക്കുക.ആ ആനന്ദം ഇതുവരെ അനുഭവിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ചതും. ആനന്ദമെല്ലാം നിങ്ങളില്‍തന്നെ. പക്ഷേ, അതുപുറത്തെങ്ങോ ആണെന്ന്‌ നിങ്ങള്‍ സങ്കല്‍പിക്കുന്നു. ഉള്ളിലുള്ളതിന്റെ പ്രതിഫലനവും മാറ്റൊലിയുമൊക്കെയാണ്‌ പുറത്തുമുള്ളത്‌.നിങ്ങള്‍ നല്ലവനെങ്കില്‍ നന്മകാണും. നീലക്കണ്ണട വച്ചാല്‍ കാണുന്നത്‌ എല്ലാം നീലയായിതോന്നും. കണ്ണടയുടെ നിറമനുസരിച്ച്‌ കാണുന്നതിന്റെ നിറവും മാറുന്നു. സദ്ഗുണങ്ങളാണ്‌ നിങ്ങളുടെ മഹത്തായ കൈമുതല്‍. അവ വളര്‍ത്തുക. വിദ്വേഷം വെടിഞ്ഞ്‌ അഹിംസ വളര്‍ത്തുക. അഹിംസാ പരമോ ധര്‍മഃ കോപത്തെ തുരത്തിപ്രേമം വളര്‍ത്തൂ. അതിനെക്കാള്‍ മാധുര്യമേറിയതൊന്നുമില്ല.

ആത്മധൈര്യം കൈവിടരുത്‌




രോഗം ഉണ്ടെന്ന്‌ അറിഞ്ഞാല്‍ ഭയപ്പെടരുത്‌. ആദ്യം മനസ്സിനെ ഉറപ്പിക്കുക. തനിക്ക്‌ രോഗം മാറി മംഗളവും ശ്രേയസ്സും വരുമെന്ന്‌ വിശ്വസിച്ച്‌ ഉറപ്പിക്കണം. നമ്മുടെ മനസ്സ്‌ ചപലപ്പെടുമ്പോള്‍ രോഗം വര്‍ദ്ധിക്കുന്നു. രോഗം വരുമ്പോള്‍ നമ്മുടെ മനസ്സ്‌ തളര്‍ന്ന്‌ കര്‍മം തളര്‍ന്ന്‌ ജീവിതം തളര്‍ന്ന്‌ എല്ലാം പരാജയമടയുന്നു. അതുകൊണ്ട്‌ മനസ്സിന്റെ ധൈര്യം വിട്ടുകളയരുത്‌. ഈ പ്രപഞ്ചത്തില്‍ ഞാന്‍ ജനിച്ചിട്ടുണ്ടെങ്കില്‍ ആ പ്രപഞ്ചത്തെ രക്ഷിക്കുന്ന ശക്തി എന്നെയും രക്ഷിക്കും എന്ന്‌ ഉറപ്പിക്കിന്‍. ഈ പ്രപഞ്ചത്തിലെ സര്‍വത്തെയും മാതൃത്വം നല്‍കി സംരക്ഷിക്കുന്ന ആ ജഗത്തിന്റെ അമ്മയ്ക്ക്‌ നിങ്ങളെ രക്ഷിക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്‌. ഈ പ്രപഞ്ചത്തെ മുഴുവനും കാരുണ്യപൂര്‍വ്വം പരിപാലിക്കുന്ന അമ്മേ അവിടുന്ന്‌ ഒരു പ്രകാശകിരണമായി വന്ന്‌ എന്നെ ഈ ദുരന്തങ്ങളില്‍നിന്ന്‌ മോചിപ്പിക്കണമേ എന്ന്‌ വ്യാകുലപ്പെട്ട്‌ ഒന്ന്‌ പ്രാര്‍ത്ഥിച്ചുനോക്കൂ. പക്ഷേ വ്യാകുലത വേണം. വ്യാകുലതയോടെ പ്രാര്‍ത്ഥിക്കണം. ആ കാലശക്തിയുടെ രക്ഷാഭാവത്തെ ശരിക്ക്‌ ഉള്‍ക്കൊണ്ട്‌ നിങ്ങള്‍ ദിവസവും ഈ പ്രാര്‍ത്ഥന നടത്തിന്‍.

യജ്ഞ സാന്നിദ്ധ്യത്തില്‍ നിങ്ങള്‍ കല്‍പിച്ച്‌ ഇച്ഛിച്ചിട്ടുണ്ടെങ്കില്‍ അത്‌ സഫലമായിത്തീരും. അതിന്‌ നിങ്ങളുടെ പുണ്യം അല്ലെങ്കില്‍ പൂര്‍വാര്‍ജിതപുണ്യം നിങ്ങളെ ഇവിടെ എത്തിച്ചിരിക്കുന്നു. യാഗം സാധാരണ ഒരു യാഗമല്ല. അതിന്‌ അര്‍ഹതപ്പെട്ടവര്‍ ഇവിടെ വന്ന്‌ ചേരണമെന്നും ഒന്നിച്ച്‌ പ്രാര്‍ത്ഥിക്കണമെന്നതും കാലത്തിന്റെ നിയോഗമാണ്‌. അതുകൊണ്ട്‌ തീര്‍ച്ചായായും നിങ്ങളുടെ സങ്കല്‍പങ്ങള്‍ സഫലീകരിക്കപ്പെടും. ഒരു മക്കളും ഇനി സംശയിക്കുകയോ ഭയപ്പെടുകയോ പാടില്ല.